ബെംഗളൂരു: ബെലഗാവിയില്‍ അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ആറുവയസ്സുകാരന്‍ മരിച്ചു. ഹുക്കേരി താലൂക്ക് ഹട്ടരഗി സ്വദേശിയായ വര്‍ധന്‍ ഈരണ്ണ ബ്യാരിയാണ് മരിച്ചത്.
അച്ഛന്‍ ഓടിച്ച ബൈക്കിന്റെ മുന്നിലിരുന്ന കുട്ടിയുടെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങുകയായിരുന്നു. ബൈക്ക് പെട്ടെന്ന് നിര്‍ത്തിയെങ്കിലും കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെലഗാവി ഗാന്ധിനഗര്‍ പാലത്തിന് സമീപമായിരുന്നു അപകടം.
ദീപാവലി ആഘോഷത്തിന് പടക്കംവാങ്ങാന്‍ നഗരത്തിലെത്തിയതായിരുന്നു കുട്ടി. നേരത്തേ ഗ്ലാസ് പൊടിയും മറ്റ് രാസവസ്തുക്കളും പുരട്ടി ബലപ്പെടുത്തിയ നൂലുള്ള പട്ടങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്തരം നൂലുകള്‍ വീണ്ടും സജീവമാകുകയാണ്. ഇത് വില്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.