Wednesday, April 17, 2024

ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി

സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷന്‍ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താന്‍ ഇന്നും കഴഞ്ഞ രണ്ട് ദിവസങ്ങളിലായും 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു.

വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 88 സര്‍വയലന്‍സ് സാമ്പിളും 13 സ്റ്റാറ്റിയുട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണശാലകള്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ വരെ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.

ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശര്‍ക്കരയാണ് ‘മറയൂര്‍ ശര്‍ക്കര’ എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍ ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശര്‍ക്കര കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇന്നും ഇന്നലെയുമായി 199 പരിശോധനകള്‍ നടത്തി. 136 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തി.

തൃശൂര്‍ ജില്ലയിലെ മണലൂര്‍ മാര്‍ക്കറ്റ്, തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, ആറ്റിങ്ങല്‍, കല്ലമ്പലം എന്നീ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 402 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 4088 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 3214 പരിശോധനകളില്‍ 1309 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest Articles